ന്യൂഡൽഹി: ഹരിയാനയിൽ എക്സിറ്റ് പോൾ കണക്കുകളെ പിൻതള്ളിയുള്ള ബിജെപിയുടെ ഹാട്രിക്ക് ജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴിന് ബിജെപി ആസ്ഥാനത്ത് നടക്കുന്ന പ്രധാനമന്ത്രി വിജയാഘോഷത്തിൽ പങ്കെടുക്കും.
90 അംഗ നിയമസഭയിൽ ബിജെപി 50 സീറ്റിലും കോൺഗ്രസ് 35 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബഹുദൂരം മുന്നിലായിരുന്നെങ്കിലും അവസാന ലാപ്പിൽ ബിജെപിയുടെ കുതിച്ചുകയറ്റമായിരുന്നു. കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി മുന്നേറ്റം തുടരുന്നതിനിടെ ജനറൽ സെക്രട്ടറിമാരുടെ അടിയന്തരയോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ വിളിച്ചു. പാർട്ടി ആസ്ഥാനത്തു ചേരുന്ന യോഗത്തിൽ സർക്കാരിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്യും.
ഹരിയാനയിൽ കോൺഗ്രസിനു അധികാരം നഷ്ടപ്പെട്ടുവെങ്കിലും ജമ്മു-കാശ്മീരിൽ 10 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവിനാണ് കോൺഗ്രസിനു കളമൊരുങ്ങിയിക്കുന്നത്. ഇവിടെ കോൺഗ്രസും ഇന്ത്യാ സഖ്യവും വ്യക്തമായ മേൽകൈ നേടി. ഇവിടെ ജെകെഎന്‍സി- 42, ഐഎന്‍സി 6, ബിജെപി 29, പിഡിപി 3, സിപിഎം 1, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് ലീഡ് നില.