ന്യൂഡൽഹി: എക്സിറ്റ് പോൾ ഭലങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. 90 ൽ 48 സീറ്റുകൾ നേടിയാണ് ബിജെപിയുടെ മൂന്നാമങ്കത്തിനു ഹരിയാനയിൽ തുടക്കം കുറിക്കുന്നത്. കോൺഗ്രസ് ഇവിടെ 37 സീറ്റുകളിൽ വിജയിച്ചു.
ഐഎൻഎൽഡി രണ്ട് സീറ്റിൽ ഒതുങ്ങി. എന്നാൽ ദുഷ്യന്ത് ചൗതാലയുടെ ജെജെപി ഡക്കേൽ ഔട്ടാകുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് കുതിച്ചുകയറ്റം നടത്തിയെങ്കിലും പിന്നീട് കയറിയതുപോലെ ഇറങ്ങുന്നതാണ് കാണുവാൻ സാധിച്ചത്. പിന്നീട് അങ്ങോട്ട ബിജെപിയുടെ തേരോട്ടമായിരുന്നു. ഒരിടത്തുപോലും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോൺഗ്രസിൻറ ലീഡ് ബിജെപി കുത്തനെ ഇടിക്കുകയായിരുന്നു.
ഇതിനിടയിലും കോൺഗ്രസിന് ആശ്വാസ വിജയവുമായി വിനേഷ് ഫോഗട്ടുമെത്തി. പലപ്പോഴും തോൽക്കുമെന്നു തോന്നിയപ്പോഴും ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെ ഇടിച്ചുകയറി വരുന്നതാണ് അവസാന മണിക്കൂറുകളിൽ കാണുവാൻ സാധിച്ചത്. പാരീസിൽ കേവലം 100 ഗ്രാം ഭാരത്തിൽ മെഡൽ നഷ്ടമായ വിനേഷിന് ജുലാനയിൽ ബിജെപിക്ക് എതിരേ 6140 വോട്ടിന് വിജയിക്കുകയായിരുന്നു.
ഹരിയാനയിലേറ്റ തോൽവിക്ക് ജമ്മു കാശ്മീരിൽ പകരം വീട്ടുന്ന കോൺഗ്രസ്, ഇന്ത്യാ സഖ്യത്തെയാണ് പിന്നീട് കാണുവാൻ സാധിച്ചത്. തെല്ലിടപോലും ബിജെപി വിജയിക്കുമെന്ന് തോന്നാത്തവിധം ഇവിടെ തകർത്തു തരിപ്പണമാക്കിയാണ് കോൺഗ്രസ് 10 വർഷങ്ങൾക്കു ശേഷം അധികാരം തിരിച്ചുപിടിച്ചത്.
കാശ്മീരിൽ പ്രതിഫലിച്ചത് ആർട്ടിക്കിൽ 370 ഉം സംസ്ഥാന പദവിയുമൊക്കെയാണ്. ഇവിടെ നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും ബിജെപി 29 സീറ്റും നേടി. മറ്റുള്ളവർ 7, സിപിഎം ഒന്നിങ്ങനെയാണ് സീറ്റുനില. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ ഒതുങ്ങി. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചു. ഇവിടെ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.