മലപ്പുറം: വേങ്ങരയിൽ കടം കൊടുത്ത പണം തിരികെ ചോദിച്ച കുടുംബത്തിന് ക്രൂര മർദനം. വയോധിക ദമ്പതികളായ അസൈൻ (70), ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിനു അക്രമികളുടെ വെട്ടേറ്റു. വേങ്ങര സ്വദേശി അബ്ദുൽ കലാമും മകൻ സത്തറും കുടുംബവും ചേർന്നാണ് വയോധിക ദമ്പതികളടങ്ങിയ കുടുംബത്തെ മർദിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സത്തറും ബഷീറും അയൽവാസികളാണ്. ബിസിനസ് ആവശ്യങ്ങൾക്കായി ഏകദേശം ഒന്നര വർഷം മുൻപാണ് സത്തറിന് ബഷീർ ഏകദേശം 25 ലക്ഷം രൂപ കടം കൊടുത്തത്. എന്നാൽ നാളിതുവരെയായും കടം നൽകിയ പണം ഇവർ തിരിച്ച് നൽകിയിരുന്നില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നൽകാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്നാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി പണം ചോദിച്ച് സത്തറിന്റെ വീട്ടിലേക്ക് പോയത്. വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ മുഹമ്മദ് സത്തറും വീട്ടുകാരും കൂടി ഇവരുമായി വാക്കേറ്റവും പിന്നീട് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ മറ്റൊരു അയൽവാസിക്കും പരുക്കേറ്റതായാണ് അറിയുന്നത്. ഇവരെ മർദ്ദിക്കുന്ന ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ തന്നെയും കുടുംബത്തേയും മർദ്ദിച്ചതായി കാണിച്ച്ബഷീർ വേങ്ങര പൊലീസിൽ പരാതി നൽകി.