അഘോഷ ദിവസങ്ങളിൽ സംഭവിക്കുന്ന അബദ്ധങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും അവ ട്രോളുകൾക്കിരയാവുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരു സംഭവമാണ് ഇന്ന് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സംഭവം വേറൊന്നുമല്ല ഛത്തീസ്ഗഡിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോയാണിത്.
സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തിയതിനു ശേഷം മുഖ്യാതിഥികൾ പ്രാവിനെ പറത്തുന്ന ചടങ്ങുമുണ്ടായിരുന്നു. ബിജെപി എംഎൽഎ പുന്നലാൽ മോലെ, കലക്ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്സ്വാൾ എന്നിവരായിരുന്നു മുഖ്യാതിഥികൾ. എംഎൽഎയും കലക്ടറും പറത്തിയ പ്രാവുകൾ പറന്നുപോയെങ്കിലും പൊലീസ് സൂപ്രണ്ടിന്റെ കൈയിലുണ്ടായിരുന്ന പ്രാവ് നേരെ നിലത്തേക്കാണു വീണത്.
പ്രാവ് നിലത്തുവീണതോടെ പൊലീസ് സൂപ്രണ്ട് സംഘാടകരോട് എന്തു പറ്റിയെന്നു ചോദിക്കുന്നതും മറ്റൊരു പ്രാവിനെക്കൊണ്ടുവന്ന് സൂപ്രണ്ട് പറത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം പറത്തിയ പ്രാവ് അസുഖം ബാധിച്ചതായിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രാവ് വീഴുന്നതിന്റെ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. അടുത്തിടെ പുറത്തിറങ്ങിയ ‘പഞ്ചായത്ത്’ എന്ന വെബ്സീരീസിൽ എംഎൽഎ പറത്തുന്ന പ്രാവ് താഴെ വീഴുന്ന കോമഡി രംഗവുമായി ചേർത്തായിരുന്നു പ്രചാരണം. ഏതായാലും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നു പൊലീസ് സൂപ്രണ്ട് ജില്ലാ കലക്ടർക്ക് കത്തെഴുതിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അസുഖം ബാധിച്ച പ്രാവിനെ മുഖ്യാതിഥികൾക്ക് നൽകിയ ഉദ്യോഗസ്ഥൻ ജോലിയിൽ വീഴ്ച വരുത്തിയെന്നും പരാജയപ്പെട്ടെന്നും കത്തിൽ പറയുന്നു.