കൊൽക്കത്ത: ആർ.ജി. കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. ആറു ദിവസങ്ങളായി തുടരുന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കോളേജ് മുൻ പ്രിൻസിപ്പലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്.
സഞ്ജയ് ഘോഷിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ട്. അതിനാൽ നുണപരിശോധന വേണ്ടിവരുമെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുണപരിശോധന നടത്താൻ സിബിഐയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
കൊലപാതക വിവരം അറിഞ്ഞപ്പോൾ എന്തായിരുന്നു സഞ്ജയുടെ പ്രതികരണമെന്ന് ചോദ്യം ചെയ്യലിനിടെ സിബിഐ ചോദിച്ചുെവന്നാണ് വിവരം. മൃതദേഹം കാണിക്കുന്നതിന് മുൻപ് മൂന്നുമണിക്കൂറോളം യുവതിയുടെ മാതാപിതാക്കളെ എന്തിനു കാത്തുനിർത്തി, കൊലപാതക വിവരം അറിഞ്ഞശേഷം ആദ്യം വിളിച്ചതാരെ, യുവതി മരിച്ചുകിടന്ന സെമിനാർ ഹാളിനടുത്ത് അറ്റകുറ്റപ്പണി നടത്താൻ അനുവാദം നൽകിയതാര്?തുടങ്ങിയ ചോദ്യങ്ങളും സിബിഐ സഞ്ജയ് ഘോഷിനോട് ചോദിച്ചു.
ഇതിനിടെ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം 13-ാം ദിവസത്തിലേക്ക് കടന്നു. ഇത് പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങളെ ബാധിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പല ആശുപത്രികളിലെയും ജൂനിയർ മെഡിക്കലുകളുടെ സ്ഥാനത്ത് സീനിയർ ഡോക്ടർമാരോട് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ജോലി പുന:രാരംഭിക്കാൻ സംസ്ഥാന സർക്കാർ സമരക്കാരോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.