പത്തനംതിട്ട: ജീവനോടെ ജോലി ചെയ്യണമെന്നാഗ്രഹിച്ച പത്തനംതിട്ട കലക്റ്ററേറ്റില്‍ ചേതനയറ്റ നവീൻബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചു. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
നിരവധി വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ് അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു.
11.30 ഓടെ മൃതദേഹം മലയാലപ്പുഴ പത്തിശേരിൽ കാരുവള്ളിയിൽ വീട്ടിലെത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം.
യാത്രയയപ്പ് സമ്മേളനത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് നവീൻ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂരുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.