പാലക്കാട്: പാർട്ടിക്കും പാർട്ടി നേതൃത്വത്തിനുമെതിരേ തുറന്നടിച്ച പി. സരിനെ കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പുറത്താക്കി. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സരിൻ ബുധനാഴ്ച വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിൽ തൽക്കാലം നടപടിയെടുക്കണ്ടയെന്ന തീരുമാനത്തിലായിരുന്നു പാർട്ടി നേതൃത്വം.
എന്നാൽ ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ളവർക്കെതിരേ രൂക്ഷ വിമർശനവുമായി സരിൻ വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം സതീശനാണ്.
വടകരയിൽ വിഡി സതീശൻ നടത്തിയ അട്ടിമറിയുടെ ഫലമാണ് വടകരയിൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായത്. കോൺഗ്രസിൽ സിപിഎം വിരുദ്ധത വളർത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് സതീശൻ. വളർന്നുവരുന്ന കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിങ്ങനെ പോകുന്നു സരിന്റെ ആരോപണങ്ങൾ.
ഇതിന് പിന്നാലെയാണ് പി സരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.