കണ്ണൂര്‍: നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടുണ്ടെന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ആരോപണം തെറ്റാണെന്ന് റി ട്ട. അധ്യാപകന് ഗംഗാധരന്. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പിപി ദിവ്യയുടെ ആരോപണം. പിപി ദിവ്യ നൽകിയ ജാമ്യാപേക്ഷയിലാണു ഇതു സംബന്ധിച്ചുള്ള പരാമർശമുള്ളത്. കൈക്കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട് ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
എന്നാൽ ദിവ്യയുടെ പരാമർശത്തെ എതിർത്തുകൊണ്ടാണ് ഗംഗാധരൻ രംഗത്തെത്തിയത്. സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അതിനെപ്പറ്റി അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഗംഗാധരന് പറഞ്ഞു. അതോടൊപ്പം എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് താന്‍ പറഞ്ഞതായും ഗംഗാധരന് സമ്മതിച്ചു. എന്നാൽ അത് കൈക്കൂലി ചോദിച്ചെന്ന അർത്ഥത്തിലല്ല പറഞ്ഞതെന്നും ഗംഗാധരൻ പ്രതികരിച്ചു.
കഴിഞ്ഞ മാസം നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറുപേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധമായി നീതികാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളൂയെങ്കിലും പരിഹരിച്ചില്ല- ഗംഗാധരന് പറഞ്ഞു.