കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്ന് സംവിധായകന് വിനയന്. വലിയൊരു സ്ഥാനത്തിരിക്കുന്നയാൾക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. ഇപ്പോള്‍ ആരോപണത്തിനെതിരേ പിടിച്ചുനില്ക്കാന് ശ്രമിച്ചുവെന്ന തോന്നല്‍ ജനത്തിനുണ്ടെന്നും അത് പാടില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും വിനയന് മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റു ചെയ്തിട്ടില്ലെങ്കിൽ അത് തെളിയിച്ചു പുറത്തുവരികയാണ് വേണ്ടത്.
ഈ സംഭവത്തിൽ സാംസ്കാരികവകുപ്പ് മന്ത്രിയുടെ മുഴുവന്‍ പിന്തുണ അദ്ദേഹത്തിന് കിട്ടി. എന്തായാലും ഇപ്പോള്‍ രാജിവെച്ചുവെന്നുള്ളത് നല്ല കാര്യം. അതാണ് വലിയ പൊസിഷനിലൊക്കെ ഇരിക്കുന്ന നേതാക്കള്‍ ചെയ്യേണ്ടതെന്നാണ് എന്റെയൊരഭിപ്രായം. ഇതിനുമുമ്പ് ഞാനദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. അത് ഇതിലും വളരെ ഗൗരവ തരമാണെന്നാണ് എന്റെ വിശ്വാസം”, വിനയന് പറഞ്ഞു.
“ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കുമ്പോള്‍ വളരെ നിഷ്പക്ഷമായ ഒരു അവാര്‍ഡ് നിര്‍ണയത്തിൽ നിന്ന എന്റെയൊരു ചിത്രത്തെ മാറ്റിവെക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടതായി രണ്ട് ജൂറി മെമ്പര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ആ വിഷയത്തില്‍ മുഖ്യമന്ത്രിക്കും സാംസ്കാരികവകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ല രഞ്ജിത്ത് ഒരു ഇതിഹാസമെന്നായിരുന്നു സാംസാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഒരു അക്കാദമി ചെയര്മാന് ചെയ്യേണ്ട സത്യസന്ധതയേയാണ് അദ്ദേഹം ലംഘിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ കുത്തിപ്പറയുന്നതൊന്നുമല്ല, അദ്ദേഹം പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ”, വിനയന് പറഞ്ഞു.