തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച നടൻ സിദ്ദീഖിനെതിരെയും നടൻ റിയാസ് ഖാനെതിരെയും രൂക്ഷവിമർശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത്. സിദ്ദീഖിനെ സിനിമയിൽനിന്ന് വിലക്കണം. സിനിമ മോഹിച്ചെത്തിയ എന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടി നേടിയ പദവിയാണ് അയാൾക്കുള്ളത്. സിദ്ദീഖിനെതിരെ തെളിവുകൾ കയ്യിലുണ്ടെന്നും രേവതി പറഞ്ഞു.
സിദ്ദിഖിനെ കൂടാതെ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണം ഉന്നയിച്ചു. റിയാസ് ഖാനിൽനിന്നും വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ‘‘ഒരു ഫൊട്ടോഗ്രഫറിന്റെ കൈയിൽനിന്ന് എന്റെ അനുവാദമില്ലാതെ ഫോൺ നമ്പർ വാങ്ങി വിളിച്ച് റിയാസ് ഖാൻ അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു.
സെക്സ് ചെയ്യാൻ ഇഷ്ടമാണോ എന്നു ചോദിച്ചു. ഏതു പൊസിഷനാണ് ഏറ്റവും ഇഷ്ടം. ഇതൊക്കെയാണ് രാത്രി വിളിച്ച്ചോദിക്കുന്നത്. വല്ലാത്ത ഞെട്ടലായിപ്പോയി. ഒടുവിൽ 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാൽ മതിയെന്നും റിയാസ് ഖാൻ പറഞ്ഞു.’’– രേവതി മാധ്യമങ്ങളോടു പറഞ്ഞു.
കേസുകൊടുത്താൽ നീതി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയാൽ മുന്നോട്ടു പോകും. എന്റെ തൊഴിലിനും സ്വപ്നങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുമെന്ന് ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദീഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണ്. നിഷ്കളങ്കനാണെന്നു വരുത്തി സിംപതി പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും രേവതി ആരോപിച്ചു.