കോട്ടയം: ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിൽ ആരോപണങ്ങൾക്ക് അന്വേഷണമാകാമെന്ന് ഡിജിപിയുടെ റിപ്പോർട്ട്. എഡിജിപി എം.ആര്. അജിത്കുമാര്‍, എസ്പി സുജിത് ദാസ് അടക്കമുള്ളവര്വര്ക്കെതിരേ പി.വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. അൻവറിന്റെ ആരോപണങ്ങൾ പോലീസ് സേനയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചിരിക്കുകയാണ്. ആ വിശ്വാസ്യത വീണ്ടെടുക്കാൻ അന്വേഷണമാണ് ഉചിതമെന്ന് അറിയിക്കുകയായിരുന്നു.
കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിക്കും എഡിജിപി എം.ആര്. അജിത്കുമാറും ഡിജിപിയും ഇന്ന് കോട്ടയത്തെത്തിയത്. മൂവരും ഒരേ വേദി പങ്കിടുന്നതിന് മുൻപാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.അതേസമയം എഡിജിപിയെ മാറ്റി നിര്‍ത്തിക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ ഒരു അന്വേഷണത്തിന് താത്പര്യമുണ്ടെന്ന് എഡിജിപി തന്നെ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.
അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആരോപണ വിധേയനായ എംആർ അജിത് കുമാർ അറിയിച്ചു. ഇതു സംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്തു നൽകി. ആരോപണങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അറിയണമെന്നും എഡിജിപി.
അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കുന്നെല്ലെന്ന് പി. ശശി. പ്രതികരിക്കേണ്ട സമയത്ത് വേണ്ടപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.