കോട്ടയം: പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ ഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുഴുക്കുത്തുകളെ സംരക്ഷിക്കില്ല. അത് എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻറെ സംസ്ഥാന സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എഡിജിപി എംആർ അജിത് കുമാറിനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. കൂടാതെ എസ്പി സുജിത് ദാസിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പോലീസ് സേനയിൽ അച്ചടക്കം വേണമെന്ന കാര്യവും പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് അച്ചടക്കത്തിൽനിന്നു വ്യതിചലിക്കരുത്. ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖംതിരിഞ്ഞുനിൽക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളതു ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്.
ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുകയാണ് കാര്യങ്ങൾ. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണ് പൊതുവേ സർക്കാരിനുള്ളത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇത്തരക്കാരായ 108 പൊലീസ് ഉദ്യോഗസ്ഥരെയാണ് സർക്കാർ പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.