തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ് തത്ക്കാലം എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്നു ചേർന്ന സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആരോപണം തെളിയിക്കപ്പെടാതെ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലായെന്നുമാണ് സംസ്ഥാന സമിതിയുടെ കണ്ടെത്തൽ.
ഇക്കാര്യത്തിൽ മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും ഇന്ന് ചേർന്ന സംസ്ഥാന സമിതി പരിഗണിച്ചെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മുകേഷിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. തനിക്ക് മുകേഷിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം മുകേഷിനെതിരെ കേസെടുത്തിരുന്നു. എന്നാൽ
ആരോപണമുന്നയിച്ച നടി പണമാവശ്യപ്പെട്ട് തന്നെ ബ്ലാക്മെയിൽ ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം മുകേഷ് വെളിപ്പെടുത്തി. ആദ്യം സിനിമയിൽ അവസരം വേണമെന്ന് പറഞ്ഞ നടി പിന്നീട് ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രിയെയടക്കം കണ്ട് മുകേഷ് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിയ്ക്കകത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രതിഷേധ ശബ്ദങ്ങളുയർന്നു. മുകേഷിന്റെ രാജി അഞ്ചു ദിവസത്തേക്ക് തടഞ്ഞുകൊണ്ട് കോടതി ഉത്തരവു വന്നതിന് ശേഷം തീരുമാനം സംസ്ഥാന സമിതി യോഗത്തിലെടുക്കാമെന്ന നിലപാടിലായിരുന്നു നേതൃത്വം.