മുംബൈ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണ്. അത്തരം കുറ്റവാളികളെ വെറുതെ വിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഈ പ്രസ്താവന.
അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും ശക്തി വർദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിൻ്റെ മുൻഗണനയാണ്. ഇന്ന്, രാജ്യത്തെ ഏത് സംസ്ഥാനമായാലും എൻ്റെ സഹോദരിമാരുടെയും പെൺമക്കളുടെയും വേദനയും ദേഷ്യവും ഞാൻ മനസിലാക്കുന്നുവെന്നും മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,
“രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും എല്ലാ സംസ്ഥാന സർക്കാരുകളോടും ഞാൻ ഒരിക്കൽ കൂടി പറയും, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത പാപമാണെന്ന്. കുറ്റവാളി ആരായാലും അവനെ വെറുതെ വിടരുത്,” പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
“ഏതു രൂപത്തിലും ഇത്തരം കുറ്റവാളികളെ സഹായിക്കുന്നവരെ വെറുതെ വിടാൻ പാടില്ല. അത് ആശുപത്രിയോ, സ്കൂളോ, സർക്കാർ സംവിധാനമോ, പോലീസ് സംവിധാനമോ ആകട്ടെ, ഏത് തലത്തിൽ നിന്നുള്ള അശ്രദ്ധയായാലും എല്ലാവരും ഉത്തരവാദികളായിരിക്കും. സന്ദേശം മുകളിൽ നിന്ന് താഴേക്ക് വളരെ വ്യക്തമായി പോകണം. ഈ പാപം പൊറുക്കാനാവാത്തതാണ്. ഗവൺമെൻ്റുകൾ വരികയും പോകുകയും ചെയ്യും, എന്നാൽ ജീവൻ സംരക്ഷിക്കുന്നതും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതും ഒരു സമൂഹമെന്ന നിലയിലും സർക്കാർ എന്ന നിലയിലും നമ്മുടെ എല്ലാവരുടെയും വലിയ ഉത്തരവാദിത്തമാണ്, ”മോദി കൂട്ടിച്ചേർത്തു.