കൊല്ലം: തനിക്കെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് എന്ന യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് എം. മുകേഷ് എംഎൽഎ. താൻ സിപിഎം എംഎൽഎ ആയതിനാൽ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്ന് ഉറപ്പാണ്. പക്ഷെ ആരാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് തനിക്ക് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘ആറുകൊല്ലം മുമ്പ് ഈ ആരോപണം ഉയർന്നു വന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയത്തിൽ വരെ അടി നടന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ രാജിവെച്ചു, പിടിക്കപ്പെട്ടു എന്നുവരെ പറഞ്ഞവരുണ്ട്.
ഇത്തരം ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല. ആറുകൊല്ലം മുമ്പേ ഇക്കാര്യം വ്യക്തമാക്കിയതാണ്. 26 കൊല്ലം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ വീണ്ടും എടുത്തുപറയുന്നത് ബാലിശമാണ്, വളരെ മോശവുമാണെന്ന് മുകേഷ് പറഞ്ഞു.
മീ ടൂ ക്യാംപെയ്നിടെ 2018-ലായിരുന്നു കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരേ ആരോപണം ഉന്നയിച്ചത്. കോടീശ്വരന് പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്ന് ടെസ് പറഞ്ഞത്. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് ആരോപിച്ചിരുന്നു.