തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരേ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പിവി അൻവറിനെതിരേ നടപടിയെടുക്കാനൊരുങ്ങി സിപിഎം. നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന അൻവർ എംഎൽഎയോട് എത്തരത്തിലുള്ള നിലപാട് സ്വീകരിക്കണമെന്ന് സിപിഎം ഇന്ന് തീരുമാനുക്കും. ഇതിനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമായിരിക്കും അൻവറിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
സ്വതന്ത്ര എംഎൽഎയായി ജയിച്ച അൻവറിനെ സിപിഎം പാർലമെൻററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ, പുറത്താക്കുകയോ ചെയ്തേക്കുമെന്നാണ് സൂചന. എന്നാൾ ശക്തമായ നിലപാട് കൈക്കൊള്ളാൻ ഈ സാഹചര്യത്തിൽ പറ്റുമോയെന്നും നോക്കിയിരുന്ന് കണേണ്ടിവരും. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലുകൾ അക്ഷരാർഥത്തിൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
നിശബ്ദനായിരിക്കാൻ പാർട്ടിയും മുഖ്യമന്ത്രിയും പറഞ്ഞുവെങ്കിലും കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനമാണ് അൻവർ ഉന്നയിച്ചത്. പിണറായി ഭരണത്തെ വിമർശിച്ച അൻവർ എട്ട് വർഷത്തെ എൽഡിഎഫ് ഭരണത്തിൻറെ സംഭാവന പൊതുപ്രവർത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതാണെന്നു ആരോപിച്ചിരുന്നു. പാർട്ടി സഖാക്കളാകാൻ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.
അതോടൊപ്പം മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി ആർഎസ്എസ് നേതാക്കളുമായി സന്ധിചെയ്തെന്നു പറഞ്ഞാൽ താൻ നിഷേധിക്കില്ലെന്നു പറഞ്ഞ അൻവർ മുഹമ്മദ് റിയാസിന് കിട്ടുന്ന അമിതപ്രാധാന്യത്തെയും അൻവർ വിമർശിച്ചു. എന്നാൽ ഇതിനേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാനുള്ളതെല്ലാം സെക്രട്ടറിയും പിബി അംഗവും പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും പ്രതികരിച്ചു.
എന്നാൽ അൻവറിനെ വാക്കിനെ പൂർണമായി തള്ളി പാർട്ടിയും നേതാക്കളും രംഗത്തെത്തി. പി.വി. അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.