തിരുവനന്തപുരം: ആരോപണങ്ങളുടെ പേരിൽ തൽകാലം രാജി വച്ച് അന്വേഷണം നേരിടേണ്ട ആവശ്യമില്ലെന്നാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ആരോപണ വിധേയനായ മുകേഷിനോടുള്ള പാർട്ടിയുടെ നിലപാട്. മുകേഷിനെതിരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാർട്ടി പ്രതിരോധം. ഇതിനു മുൻപും സമാനമായ പല ആരോപണങ്ങളിലും യുഡിഎഫ് എംഎൽഎമാർ രാജിവച്ചിട്ടില്ലല്ലോ, പിന്നെന്തിന് അങ്ങനെ ചെയ്യണമെന്ന് സിപിഎം പറയുന്നു.
ഇനി ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം എന്ത്തുടർനടപടി വേണമെന്ന് ആലോചിക്കാമെന്നാണ് തീരുമാനിച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചർച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്.
മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നു നടി മിനു മുനീർ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാംപെയ്നിടെ 2018-ൽ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. കോടീശ്വരൻ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം.
മുകേഷ് തത്കാലം രാജിവയ്ക്കേണ്ടി വരില്ലെങ്കിലും ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നും മാറ്റിയേക്കും.