കോഴിക്കോട്: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് സർക്കാരിന് എഡിജിപി എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻറെ കണ്ടുപിടിത്തമെന്നു പറഞ്ഞ് റിപ്പോർട്ടിനെ പരിഹസിക്കുന്നുണ്ട് മുഖപത്രം.
ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാൽപ്പഴുതിലൂടെയാണ് അജിത് കുമാറിനെതിരെ രൂക്ഷ വിമർശനം തൊടുത്തുവിട്ടിരിക്കുന്നത്. തൃശൂർപൂരം കലക്കൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം സർക്കാരിന് സമർപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം.അജിത് കുമാർ. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ടെന്ന് ലേഖനത്തിൽ പറയുന്നു.
പൂരം കലങ്ങിയതിന്റെ ഉത്തരവാദിത്വം പരിചയക്കുറവുകൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണിത്. പുരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.
കലക്കലിൽ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം. ചാരനിറത്തിലുള്ള ഷർട്ടുധാരി. പുര പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെയാണ്. പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് വീഡിയോയിൽ കാണാം. പൂരം കലക്കിയതിന് ചുക്കാൻ പിടിച്ച അജിത് കുമാർ തന്നെ കലക്കലിൽ അന്വേഷണം നടത്തിയാൽ താൻ കലക്കിയില്ല എന്ന റിപ്പോർട്ടല്ലാതെ മറ്റെന്തെങ്കിലും നൽകാനാവുമോ.
നാണംകെട്ട റിപ്പോർട്ട് തയാറാക്കി സ്വയം കുറ്റവിമുക്തനാക്കിയിട്ട് , എങ്ങനെയുണ്ട് എൻറെ പുരം കലക്കൽ റിപ്പോർട്ടെന്ന് അജിത് കുമാർ നെഞ്ചുവിരിച്ച് ചോദിക്കുന്നെന്നും ലേഖനം പരിഹസിക്കുന്നു.