അങ്കോല: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തി. ഇത് അപകട സമയത്ത് അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
മുൻപ് നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഡ്രെഡ്ജർ ഉപയോഗിച്ചു നടത്തിയ തിരച്ചിലിനിടെയാണ് ക്രാഷ് ഗാർഡ് ലഭിച്ചിരിക്കുന്നത്. ബമ്പറിന് പുറമെ ഒരു ബാഗും ബൈക്കും കിട്ടിയതായാണ് റിപ്പോർട്ട. എന്നാൽ, ബാഗ് അർജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങൾ പറഞ്ഞു.
‘നമ്മുടെ ലോറിയുടെ ഭാഗം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. പുറകുവശത്തെ ബമ്പറാണ്. പിറകിൽ വരുന്ന വാഹനങ്ങൾ ഇടിച്ചു അപകടങ്ങളുണ്ടാകാതിരിക്കാൻ കമ്പനിതന്നെ നിർമിച്ച ഭാഗമാണ് കണ്ടെത്തിയത്. ഇതു തിരിച്ചറിയുന്നതിന് അധികൃതർ വിളിച്ചിട്ടുണ്ടെന്നും മനാഫ് പറഞ്ഞു.
അതേസമയം, മുങ്ങൽവിദഗ്ധൻ ഈശ്വർ മൽപെ തിങ്കളാഴ്ച തിരച്ചിലിനില്ല. ജില്ലാഭരണകൂടവും പോലീസുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് അദ്ദേഹം മടങ്ങി. ഡ്രെഡ്ജർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനടുത്തായി ഇറങ്ങാൻ ശ്രമിച്ച മൽപെയെ അതിന് അനുവദിച്ചിരുന്നില്ല. ഇനി ഷിരൂരിലേക്ക് തിരിച്ചുവരില്ല. അർജുന്റെ കുടുംബത്തിന് നൽകിയ വാക്ക് പാലിക്കാനാവാത്തതിനാൽ അമ്മയെ വിളിച്ച് ക്ഷമ ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു. അർജുനെ കൂടാതെ കാണാതായ മറ്റു രണ്ടുപേർക്കുള്ള തിരച്ചിലും ഇതോടൊപ്പം നടക്കുന്നുണ്ട്. ജൂലെെ 16നുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അൻജുനെ കാണാതായത്.