ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ കൊലപ്പെടുത്തിയത് വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചെന്ന് പോലീസ്. ആശ ഗർഭിണിയാണെന്ന് ഭർത്താവിനറിയാമായിരുന്നു. എന്നാൽ കുഞ്ഞ് തന്റേതല്ലെന്ന് മനസിലായ ആശയുടെ ഭർത്താവ് പ്രസവശേഷം കുഞ്ഞുമായി തന്റെ വീട്ടിലേക്ക് വരാൻ പാടില്ലെന്നു പറഞ്ഞതോടെ കാമുകനുമായി ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ (35), കാമുകൻ പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാൻഡു ചെയ്തു. കൊലക്കുറ്റത്തിനും കുട്ടികൾക്കുനേരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകളും ബാലനീതി നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ മാതാവ്ആശയാണ് ഒന്നാംപ്രതി. ഇവരെ കൊട്ടാരക്കര വനിതാ ജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി.
തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ നടപടി തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ അറിയിച്ചു. കൂടാതെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ശേഷം എങ്ങനെയെങ്കിലും കുഞ്ഞിനെ ഒഴിവാക്കാനായി കാമുകനെ ഏൽപിക്കുകയായിരുന്നു. വിവാഹിതനായ ഇയാൾ ഭാര്യ ജോലിക്കു പോയ നേരം നോക്കി കുട്ടിയെ ആശയുടെ അടുത്തുനിന്നും ബിഗ്ഷോപ്പറിലാക്കി കൊണ്ടുവന്ന ശേഷം കുഞ്ഞിനെക്കൊന്ന് ശൗചാലയത്തിനു സമീപം കുഴിച്ചിടുകയായിരുന്നു.
എന്നാൽ ഇതിനിടെ കുട്ടിയെ കാണാനില്ലായെന്ന വാർത്ത ദൃശ്യ- സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൃതദേഹം കത്തിച്ചുകളയാനായി രതീഷ് പുറത്തെടുത്ത് ശൗചാലയത്തിൽ കിടത്തിയത്. എന്നാൽ അപ്പോഴേക്കും പോലീസ് ഇയാളെ കുടുക്കാനുള്ള വഴികൾ ആശവഴി ഒരുക്കിയിരുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശയുടേയും രതീഷിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം രതീഷിനെ തെളിവെടുപ്പിനായി പോലീസ്ബിഗ്ഷോപ്പർ, കുട്ടിയെ പൊതിയാൻ തുണി മേടിച്ച ഷോപ്പുകൾ എന്നിവിടങ്ങളിലെത്തിച്ചു. കൂടാതെ, കുഞ്ഞിനെ കൊണ്ടുപോയ സഞ്ചി, പൊതിഞ്ഞ തുണി, സ്കൂട്ടർ കുഴിക്കാനുപയോഗിച്ച മൺവെട്ടി, ഇരുവരുടെയും മൊബൈൽ ഫോണുകൾ, എന്നിവ പോലീസ് കണ്ടെടുത്തു.
കുഞ്ഞിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു.