തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത്കുമാര്‍, എസ്പി സുജിത് ദാസ്, ഡാൻസാഫ് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ താന്‍ നല്കിയ പരാതിയില്‍ തൃപ്തികരമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് പി.വി. അന്‍വര്‍. ഉദ്യോഗസ്ഥര്‍ക്കെതിരായി ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയുടെ പകർപ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
കേവലമൊരു അന്വേഷണം നടത്തി തന്നെ ഒതുക്കാമെന്ന് കരുതണ്ട, താൻ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിന് മുന്നിലുണ്ട്. ഹെഡ്മാറ്റർക്കെതിരായ പരാതി അന്വേഷിക്കുന്നത് കേവലമൊരു പ്യൂണാകരുത്. അങ്ങനെയായാൽ അതിന്റെ ഉത്തരവാധിത്വം ത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ടാകുമെന്നും അന്‍വര്‍ ഓര്‍മിപ്പിച്ചു. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള ഒരന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ഇനി തീരുമാനം കൈക്കൊള്ളേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഇത് അന്തസുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ മുന്നിലാണ് എന്റെ പരാതി നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ മുന്നിലാണ് ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുള്ളത്. പരാതി കൊടുത്തിട്ട് ഒരു ദിവസമല്ലെ ആയിട്ടുള്ളൂ. അവർ പരാതി പഠിക്കട്ടേ. അതിന് അതിന്റെതായ നടപടിക്രമങ്ങളുണ്ട്- അന്‍വര്‍ പറഞ്ഞു.
എം.ആര്. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തിലുള്ളത് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ആ ഘട്ടത്തില്‍ എങ്ങനെ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അതേ ചോദ്യംതന്നെയാണ് തനിക്കുമുള്ളതെന്ന് അന്‍വര്‍ മറുപടി നല്കി. അതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ഇക്കാര്യത്തില്‍ നടക്കുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഞാന്‍ അത്രയും വിശദമായി പഠിച്ച് അത് പുറം ലോകത്തെത്തിക്കാൻ ശ്രമിച്ചത് ജനങ്ങളുടെ വികാരം കണ്ടുകൊണ്ടാണ്. എന്തുകൊണ്ട് ഈ പോലീസ് ജനങ്ങളെ നിരന്തരം വെറുപ്പിക്കുന്നു. എന്താണ് ഇതിന് കാരണം. എന്തുകൊണ്ട് തൃശ്ശൂര്‍പൂരം കലക്കുന്നു. ഇങ്ങനെ ഒരു വൃത്തിക്കെട്ട പോലീസ് ഉണ്ടാകുമോ കേരളത്തില്‍. ആ അന്വേഷണമാണ് എന്നെ ഇവിടെ എത്തിച്ചിട്ടുള്ളത്. പി.വി. അന്‍വര്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളൂ. ഈ ലോകത്തെ ജനങ്ങള്മൊത്തം വിചാരിച്ചാലും അന്‍വറിനെ കീഴടക്കാനാകില്ല, അന്‍വര്‍ പറഞ്ഞു.
ഒരു വിപ്ലവം ഉണ്ടാകുന്നത് എഴുതിവെച്ച സംഘടന ഉണ്ടാക്കിയിട്ടല്ല. അതൊരു ജനകീയ മുന്നേറ്റമാണ്. അതാണ് പിന്നീട് വിപ്ലവമായി മാറുക. താനും അത്തരത്തിലൊരു വിപ്ലവത്തിന്റെ പാതയിലാണ്. അത് കൊട്ടാര വിപ്ലവമാണോ, കുടില്‍ വിപ്ലവമാണോ എന്ന് നോക്കാം. താന്‍ നല്‍കിയത് സൂചനാ തെളിവുകളാണ്. അത് അന്വേഷിക്കേണ്ടത് ഏജന്‍സികളാണ്. എനിക്ക് ഇവരെ ജയിലിലാക്കാന്‍ കഴിയില്ല. എല്ലാത്തിനും നടപടിക്രമമുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരായിരിക്കണം ഈ കേസ് അന്വേഷിക്കേണ്ടത്. അല്ലെങ്കില്‍ തന്റെ വെളിപ്പെടുത്തലുകൾ എങ്ങുമെത്താതെ പോകും. താനൊരു കള്ളനായിപ്പോകുമെന്നും അന്‍വര്‍ പറഞ്ഞു.