ചെന്നൈ: നടൻ വിജയ് പുതുതായി രൂപീകരിച്ച പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയിൽ ആനയുടെ ചിഹ്നം അനധികൃതമായി ഉപയോഗിച്ചുവെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷനു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) പരാതി നൽകി. തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ സത്യബ്രത സാഹുവിനാണ് ബിഎസ്പി ഔദ്യോഗികമായി പരാതി നൽകിയത്.
നേരത്തെ എതിർപ്പുകളുണ്ടായിട്ടും പ്രശ്നം പരിഹരിക്കാൻ വിജയ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ദേശീയ അംഗീകൃത പാർട്ടി പതാകയുടെ അവിഭാജ്യ ഘടകമാണ് ആന ചിഹ്നമെന്ന് ബിഎസ്പി പരാതിയിൽ പറഞ്ഞു.
‘രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ ആനയെ ഞങ്ങളുടെ പതാകയിലും ചിഹ്നമായും പ്രദർശിപ്പിക്കുന്നു. നീല പതാകയും ആനയുടെ ചിഹ്നവും ഞങ്ങളുടെ ദേശീയ സ്വത്വമാണ്, ”ബിഎസ്പിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ആന ചിഹ്നത്തിൻ്റെ ചരിത്രപരവും വൈകാരികവുമായ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പാർട്ടി പറഞ്ഞു.
അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്. മുൻപ്സ്പെയിൻ പതാക പകർത്തിയെന്ന് കാണിച്ച് സാമൂഹിക പ്രവർത്തകനും തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിരുന്നു.