കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കൊച്ചി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക പോലീസ് സംഘത്തിന് കൈമാറി. നടിയുടെ വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കൊൽക്കത്തയിലേക്ക് പോകുമെന്നാണ് അറിയുന്നത്. എന്നാൽ ഓൺലൈനായി മൊഴി രേഖപ്പെടുത്താനുള്ള നിയമസാധ്യതയും എസ്ഐടി പരിശോധിക്കുന്നുണ്ട്. കൂടാതെ, എറണാകുളം സിജെഎം കോടതിയിൽ പരാതിപ്പെട്ട നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങളും അന്വേഷണ സംഘത്തിന് പൂർത്തീകരിക്കേണ്ടതുണ്ട്.
ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് സംവിധായകനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ഗൈഡ്ലൈൻ അനുസരിച്ചാകും മൊഴിയെടുക്കലും കേസുമായി ബന്ധപ്പെട്ട തുടർനടപടികളും.
തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്ക് ഇമെയിൽ വഴി പരാതി നൽകിയത്. 2009-ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.