ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ട മലയാളി ഡ്രൈവർ അർജുൻറെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം കൈമാറാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൻറെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം ഡിഎൻഎ സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകി.
മാത്രമല്ല, ഡിഎൻഎ പരിശോധനാ ഫലം വന്നാൽ മാത്രമേ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പറ്റുകയുള്ളു. കർണാടക പോലീസിൻറെ സുരക്ഷയോടെയായിരിക്കും മൃതദേഹം അർജുന്റെ നാട്ടിലെത്തിക്കുക. മൃതദേഹം കോഴിക്കോട്ടെത്തിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻറെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്കാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ബാക്കിയുള്ള മൃതദേഹ ഭാഗങ്ങൾ കാർവാറിലെ കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡ്രജർ ഉപയോഗിച്ച്ഗംഗാവാലി പുഴയിൽനിന്ന് ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് അർജുൻറെ മൃതദേഹം കണ്ടെത്തിയത്. ട്രക്കിൻറെ ക്യാബിനുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അർജുനൊപ്പം കാണാതായ മറ്റു രണ്ടുപേർക്കുമുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.