കോഴിക്കോട്: ബംഗാളി നടിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് ഡിജിപിക്ക് പരാതി നൽകി.
താൻ പ്ലസ്ടുവിനു പഠിക്കുമ്പോൾ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിർദേശം.
രാത്രി 10 മണിയോടെ ഹോട്ടലിലെത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ തന്നോട് വിവസ്ത്രനാകാൻ ആവശ്യപ്പെട്ടു. ഒപ്പം കണ്ണെഴുതാനും പറഞ്ഞു. തനിക്ക് അഭിനയിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ ബോഡി സ്ട്രെക്ച്ചർ തന്റെ കഥാപാത്രത്തിന് ചേർന്നതാണോയെന്ന് അറിയാനാണെന്നു പറഞ്ഞു. തുടർന്ന് മദ്യം നൽകുകയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
മുൻപ് ബംഗാളി നടിയായ ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഇതിനു പിന്നാലെ ഉയർന്ന വിവാദങ്ങൾക്കൊടുവിലാണ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ പദത്തിൽ നിന്നും രഞ്ജിത്ത് രാജിവച്ചത്. ഈ പരാതിയിലും അന്വേഷണ സംഘം രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.