തിരുവനന്തപുരം: സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയെന്നു പരാതി. പിന്നീട് ഈ ചിത്രങ്ങൾ അയച്ചുനൽകി പണം ആവശ്യപ്പെട്ടതായി നടിയുടെ പരാതി. യുവതിയുടെ പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരം ഇവർ അഭിനയിക്കാനെത്തി. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചു നടി സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. തുടർന്ന് മൻസൂർ റഷീദ് മുറിയിലെത്തി കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.
താൻ പിഡീപ്പിക്കപ്പെട്ടുവെന്ന് മനസിലായി സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോവുകയാണുണ്ടായത്. എന്നാൽ പിറ്റേന്നു രാവിലെ ഇവരുടെ നഗ്നചിത്രം ഇയാൾ നടിക്ക് അയച്ചു കൊടുത്തു പണം ആവശ്യപ്പെടുകയായിരുന്നു. സംഭവം കാണിച്ച്പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തുവെങ്കിലും ഇയാളെ പിടികൂടാനായില്ല. പിന്നീടും തന്റെ നഗ്ന ചിത്രം കാണിച്ച് പലപ്പോഴായി ഇയാൾ പണം വാങ്ങിയെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയെ തുടർന്ന് പ്രതിയെ അന്വേഷിച്ച് പൊലീസ് കൊല്ലം കടയ്ക്കലിലെ ഇയാളുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു. പിന്നീടും പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന് നടി ഇന്നു പരാതി നൽകുമെന്നും അറിയിച്ചു.