കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിൽ കൂടുതൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റ് ആരു ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്.
രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിനു പിന്നാലെ പ്രതിപക്ഷ നേതാക്കൾ മാത്രമല്ല, ഇടതുപക്ഷത്തുനിന്നുള്ള ആനി രാജ അടക്കമുള്ളവർ വിമർശന മുന്നയിച്ചിട്ടും കേസെടുക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലയെന്നത് മറ്റൊരു വസ്തുത.
‘‘തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്’’ എന്നാണ് സജി ചെറിയാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്. സിനിമാരംഗത്തുനിന്നടക്കമുള്ള എതിർപ്പുകൾ മറികടന്ന് പരാതി കിട്ടിയാൽ മാത്രമേ നടപടിയെടുക്കു എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണദ്ദേഹം. രാജ്യം കണ്ട പ്രഗൽഭനായ കലാകാരനാണ് അദ്ദേഹമെന്നും ആകാശത്തുനിന്നു പരാതി വന്നാൽ നടപടിയെടുക്കാനാകില്ലെന്നും രേഖാമൂലം നടി പരാതി തന്നാലേ നടപടിയെടുക്കൂ എന്നുമാണ് വാർത്താസമ്മേളനത്തിൽ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയത്.
വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ബംഗാളിൽനിന്നു കേസുമായി മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും കേരളത്തിൽനിന്ന് ആരെങ്കിലും സഹായിച്ചാൽ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് ശ്രീലേഖ മിത്രയുടെ നിലപാട്.