കൊൽക്കത്ത: താൻ ഉന്നയിച്ച കാര്യത്തിൽ സംവിധായകൻ രഞ്ജിത്ത് ചെയ്ത തെറ്റ് സമ്മതിച്ചെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. അപമര്യാദയായി പെരുമാറിയെന്ന ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രഞ്ജിത്ത് രാജിവച്ചത്.
രഞ്ജിത്തിന്റെ രാജിയിൽ ദുഃഖവും സന്തോഷവും ഇല്ല. തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തന്റെ ശരീരത്തിൽ തൊടുകയാണ് ചെയ്തത്. അതിക്രമം നടന്നില്ല, എന്നാൽ രഞ്ജിത്തിന്റെ തന്നോടുള്ള പെരുമാറ്റം ശരിയായിരുന്നില്ല. തനിക്ക് റിട്ടേൺ ടിക്കറ്റ് പോലും നൽകിയില്ല. ഭയത്തോടെയാണ് അന്ന് ഹോട്ടലിൽ കഴിഞ്ഞത്. സംഭവത്തെപ്പറ്റി ചോദിച്ചറിയാൻ കേരള പൊലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശ്രീലേഖ മിത്ര പ്രതികരിച്ചു.