റാവല്‍പിണ്ടി: പാകിസ്താനില്‍ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 34 മരണം. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളുമുണ്ടായത്. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ട് അപകടങ്ങളിലുമായി നിരവധിപ്പേർക്കു പരുക്കുപറ്റി.
പഞ്ചാബ് പ്രവിശ്യയുടേയും പാക് അധീന കശ്മീരിന്റേയും അതിര്‍ത്തിയായ ആസാദ് പട്ടാനിലുണ്ടായ അപകടത്തിലാണ് 22 പേർ മരിച്ചത്. ഇതിൽ 15 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
ബലൂചിസ്താനിലെ മക്രാന്‍ തീരദേശ ഹൈവേയിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. 12 തീര്‍ഥാടകരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇറാനിലേക്ക് പോകുന്നതില്‍ നിന്ന് ബസിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. അര്‍ബൈന്‍ തീര്‍ഥാടനത്തിനായി പോയവരാണ് മരിച്ചത്.
തൊട്ടടുത്ത നഗരമായ ഉത്താളില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള മലമ്പ്രദേശത്താണ് അപകടമുണ്ടായത്. നിരവധി വളവുകളുള്ള ദുർഘടമായ പാതയിലാണ് അപകടമുണ്ടായത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ആഴമേറിയ തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.