ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ താൻ ഇരയാണെന്ന വാദവുമായി നടൻ സിദ്ദിഖ് സുപ്രിം കോടതിയിൽ. താൻ അമ്മ- ഡബ്ല്യുസിസി എന്നീ രണ്ട് പ്രബല സംഘടനകൾ തമ്മിലുള്ള പോരിന്റെ ഇരയാണ്. തനിക്കെതിരായി ഉണ്ടായിട്ടുള്ള കേസിനു പിന്നിൽ പിന്നിൽ “അമ്മ’യും ഡബ്യുസിസി തമ്മിലുള്ള തർക്കമാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ആരോപിച്ചു.
ഈ രണ്ടു സംഘടനകൾക്കും പുറമേ കേസന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണവും മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ഉന്നയിച്ചിട്ടുണ്ട്. പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്താതെയാണു തന്നെ പ്രതിയാക്കിയത്. സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സിദ്ദിഖിന് വേണ്ടി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രജിസ്ട്രാർക്ക് കത്തു നൽകുകയും ചെയ്തു
കൂടാതെ ഹൈക്കോടതിയിൽ അതിജീവിതയ്ക്കെതിരെ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ തന്നെ സുപ്രിം കോടതിയിലും ഉന്നയിച്ചിരിക്കുന്നത്. പരാതി നൽകിയതിനും, കേസ് എടുക്കുന്നതിനും എട്ട് വർഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരേ ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഒളിവിൽ കഴിയുന്ന സിദ്ദിഖിനെ പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല. ഇടയ്ക്ക് സിദ്ദിഖിന്റെ ഒരു ഫോൺ ഓണായെങ്കിലും പിന്നീട് വീണ്ടും സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു.