കൊച്ചി: സിനിമാ മേഖലയെ കുറിച്ച് ആരോപണങ്ങൾ ഉണ്ടെങ്കിൽ അവ അന്വേഷണപ്പെടണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷയുണ്ടാകണം. ആരോപണങ്ങൾ തെറ്റാണെന്നു തെളിഞ്ഞാൽ അതിനനുസരിച്ചുള്ള നടപടികളുമുണ്ടാകണം. നിയമമനുസരിച്ച്, ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടത്, ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടേണ്ടത് അധികാരികളാണ്. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണം. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബായ ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘‘ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ചത് ഞാനാണ്. സ്ത്രീസൗഹാർദപരമായ അന്തരീക്ഷം മലയാള സിനിമയിൽ വേണമെന്ന ആവശ്യമടക്കം മുന്നോട്ടു വച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ടിലെ കാര്യങ്ങളിൽ എനിക്ക് അദ്ഭുതമില്ല, തുടർ നടപടികൾ എന്താകുമെന്ന് ആകാംക്ഷയുണ്ട്. ‘അമ്മ’യുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ട്. ശക്തമായ ഇടപെടലുകൾ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു.
‘‘പവർ ഗ്രൂപ്പ് ഇല്ല എന്നു പറയാൻ കഴിയില്ല. ഞാൻ അത്തരമൊരു ഗ്രൂപ്പിലില്ല. അതിലില്ല എന്നു സ്ഥാപിക്കുന്നതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. അങ്ങനെയൊരു പവർ ഗ്രൂപ്പ് മൂലം ബാധിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കേട്ട ശേഷം അത്തരം ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കണം. എനിക്കു നേരെ പവർ ഗ്രൂപ്പിൽനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ പലരും പൊലീസിൽ നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും രണ്ടാണെന്ന് മാധ്യമങ്ങളിൽ കണ്ടു. അതിൽ എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല.
ഒരു സിനിമാ സെറ്റ് പ്രവർത്തിക്കുന്നത് സങ്കീർണമായ പ്രവൃത്തിയാണ്. അത് സിസ്റ്റമാറ്റിക്കായി പ്രവർത്തിക്കേണ്ട മേഖലയാണ്. ആഭ്യന്തര പരാതി പരിഹാര സെൽ (ഐസിസി) എന്റെ സെറ്റിൽ നടപ്പാക്കുന്നുണ്ട്. പക്ഷേ അതോടെ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. ഐസിസി എല്ലാ സെറ്റിലും ഉണ്ടെന്ന് ഉറപ്പിക്കാൻ മറ്റൊരു സംവിധാനം വേണം.
വിലക്ക് യാഥാർഥ്യമാണോ എന്ന ചോദ്യത്തിന്, താൻ തന്നെ അതിന് ഉദാഹരണമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. പാർവതിക്കു മുൻപ് മാറ്റി നിർത്തൽ നേരിട്ടത് ഞാനാണ്. ആരെയെങ്കിലും ബഹിഷ്കരിക്കാൻ വ്യക്തികൾക്ക് സാധിക്കും. എന്നാൽ പദവികളിലിരിക്കുന്നവർ അത് ചെയ്താൽ അത് നിരോധനത്തിന്റെ ഫലം ചെയ്യും. അങ്ങനെ ചെയ്യാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല.
‘അമ്മ’യുെട പ്രധാന പദവിയിൽ വനിത വേണം, അത് ‘അമ്മ’യിൽ മാത്രമല്ല, എല്ലായിടത്തും വേണം. സിനിമാ കോൺക്ലേവ് പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയോജനപ്പെടുത്തണം. പ്രശ്നത്തിനു പരിഹാരം കാണാൻ തന്നാലാവുന്നത് എല്ലാം താൻ ചെയ്യും. കോൺക്ലേവ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കട്ടെ. ഹേമ കമ്മിഷൻ റിപ്പോർട്ട് ഗൗരവമായി അന്വേഷിക്കണപ്പെടണമെന്നും പ്രഥ്വിരാജ് പറഞ്ഞു.