തിരുവനന്തപുരം: നിറ കണ്ണുകളോടെ അവൾ അച്ഛനേയും അമ്മയേയും സഹോദരിമാരേയും നോക്കി. പറയാതെ പോന്നതിൽ ആർക്കെങ്കിലും ദേഷ്യമുണ്ടോ? ഇല്ല, അവരും കണ്ണീരോടെ തന്നെ നോക്കി നിൽകുകയാണ്. മണിക്കൂറുകളോളം നെഞ്ചിൽ നെരിപ്പോടുമായി ജീവിച്ച അവർക്ക് മകളെ ഒന്നു കണ്ടാൽ മതിയായിരുന്നു. കണ്ടു, അവൾക്ക് കുഴപ്പമൊന്നുമില്ല. ഇരുവരും അവളെ വാരിപ്പുണർന്നു… അതിനിടയിലും അവൾ പറഞ്ഞു എനിക്ക് വീട്ടിലേക്ക് പോകണ്ട. മാധ്യമങ്ങളും നാട്ടുകാരും വീട്ടുകാരുമെല്ലാം മണിക്കൂറുകളോളം അന്വേഷിച്ച് വിശാഖപട്ടണത്തുനിന്നും കണ്ടെത്തിയ അസം ബാലികയുടെ വാക്കുകളാണിത്.
വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ അച്ഛനും അമ്മയും സഹോദരിമാരും കണ്ട നിമിഷങ്ങൾ ഇങ്ങനെയായിരുന്നു. രക്ഷിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആദ്യ ഉത്തരം. ആവർത്തിച്ചു ചോദിച്ചെങ്കിലും അവൾ തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഇതിനു ശേഷമാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും കുട്ടി കണ്ടത്.
വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സിറ്റിങ്ങിൽ ഹാജരാക്കി. 10 ദിവസം സിഡബ്ല്യുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണു തീരുമാനം. ഒപ്പം മാതാപിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ് മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. അല്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല ചെയർപഴ്സൻ ഷാനിബാ ബീഗം പറഞ്ഞു.
മകൾ വീട്ടിലേക്കു വരാത്തതിൽ അച്ഛനു വിഷമമുണ്ട്. എന്നാൽ അമ്മയ്ക്ക് എതിർപ്പില്ല. കുട്ടി സുരക്ഷിതയായാൽ മതി. മൂന്നു കുട്ടികളെയും സിഡബ്ല്യുസിയിൽ നിർത്താമെന്നു പറഞ്ഞെങ്കിലും അച്ഛനു താൽപര്യമില്ല. അമ്മയ്ക്കു സമ്മതവുമാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണു കുട്ടി വീടുവിട്ട് ഇറങ്ങിയത്. മൂന്നു സംസ്ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1,650 കിലോമീറ്റർ സഞ്ചരിച്ച കുട്ടിയെ മലയാളികളുടെ കൂട്ടായ്മ വിശാഖപട്ടണത്ത് ട്രെയ്നിൽ ബുധനാഴ്ച രാത്രി 10നു കണ്ടെത്തുകയായിരുന്നു. കഴക്കൂട്ടത്തെ സ്കൂളിൽ ഒരു വർഷമായി കൃഷിപ്പണി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് യുവതിയും കുട്ടികളും അസമിൽ നിന്നെത്തിയത്.