കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തലപ്പത്തുള്ളവരുടെ മൗനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ‘ഫെഫ്ക’യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവച്ചു. കാപട്യം നിറഞ്ഞവരാണ് ‘ഫെഫ്ക’യുടെ നേതൃത്വത്തിലുള്ളത്. സാമൂഹിക ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ നേതൃനിര പരാജയമാണെന്നാരോപിച്ചാണ് ആഷിക് അബുവിന്റെ രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ ഫെഫ്ക പരാജയമാണ്. സംഘടനയുടെ മൗനം സമൂഹത്തിൽ ചർച്ചയായതോടെയാണ് വിശദീകരണ കുറിപ്പ് പുറത്തുവിട്ടിട്ടുള്ളത്. സുരക്ഷിതമായിടത്ത് നിന്നുകൊണ്ട് ഗൗരവകരമായ വിഷയങ്ങളെപ്പറ്റിയൊന്നും പറയാതെ മനഃപൂർവം ശ്രദ്ധ തിരിക്കാനുള്ള ശ്രമാണ് ഈ വിശദീകരണം. നയരൂപീകരണവും അടിസ്ഥാനസൗകര്യവുമാണ് പ്രധാന പ്രശ്നമെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് ഫെഫ്കയുടെ നേതൃത്വത്തിലുള്ളവർ ശ്രമിച്ചിരിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ നിശബ്ദത സംഘടനയുടെ നിശബ്ദതയായി കാണരുതെന്നും ആഷിഖ് പറഞ്ഞു.
ചെറിയ കാര്യങ്ങളിൽപോലും പരസ്യ പ്രതികരണത്തിനെത്തുകയും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇദ്ദേഹം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം നിശബ്ദനാണ്. സംവിധായകൻ വിനയൻ ഉണ്ണികൃഷ്ണനെതിരെ ഉന്നയിച്ചിരിക്കുന്നത് തികച്ചും ന്യായമായ കാര്യമാണെന്നും ആഷിഖ് അബു ആരോപിച്ചു.