കോട്ടയം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി. യുവാവിന്റെ അടിയേറ്റ് പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേൽ രതീഷ് മാധവൻ (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാദുവയിലായിരുന്നു സംഭവം. സംഭവത്തിൽ മറ്റക്കര ആനിക്കുന്നേൽ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു.
രതീഷിന്റെ അയൽവാസി കഴിഞ്ഞദിവസം വൈകീട്ട് മരിച്ചിരുന്നു. മരണ വീട്ടിൽ പോയശേഷം രതീഷ് തിരികെ വരവേ ശ്രീജിത്ത് രാത്രി 10.30 ഓടെ പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരുക്കേറ്റ് രതീഷ് വീണ് കിടക്കുന്ന വിവരം രാത്രി വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പള്ളിക്കത്തോട് പോലീസിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി, പള്ളിക്കത്തോട് എസ്എച്ച്ഒ കെ.പി. തോംസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. രതീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.