മുംബൈ: ട്യൂഷൻ സെന്ററിന്റെ മറവിൽ 15കാരിയെ രണ്ടു വർഷമായി പീഡിപ്പിച്ചുകൊണ്ടിരുന്ന സഹോദരങ്ങൾ അറസ്റ്റിൽ. ദക്ഷിണ മുംബൈയിലെ കോച്ചിംഗ് സെൻ്ററിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ ട്യൂഷൻ സെന്റർ ഉടമയേയും രണ്ട് ഇളയ സഹോദരന്മാരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 2022 മുതൽ തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് ഇര കൗൺസിലറോട് വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് കൗൺസിലർ പോലീസിലറിയിച്ചതിനെ തുടർന്ന് ഐപിസി, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് ഐപിസി, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കൽ (പോക്സോ) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസിലെ പ്രതിയായ മൂത്ത സഹോദരൻ ഞായറാഴ്ച കുളു മണാലിയിൽ നിന്ന് മാതാപിതാക്കളോടൊപ്പം മടങ്ങുകയാണെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
2022-ൽ പെൺകുട്ടി 35 മുതൽ 40 വരെ പെൺകുട്ടികൾ പഠിക്കുന്ന കോച്ചിംഗ് സെൻ്ററിൽ ചേർന്നു. പിന്നീട് പെൺകുട്ടിയുടെ അമ്മ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്ററിൽ അറിയിക്കുകയുമായിരുന്നു. മൂന്ന് സഹോദരന്മാരും 2022 മുതൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലറോട് വെളിപ്പെടുത്തി. കേസിൽ 27, 25, 22 വയസുള്ള സഹോദരങ്ങളാണ് അറസ്റ്റിലായത്.
പെൺകുട്ടിയോട് നേരത്തെ കോച്ചിംഗ് സെൻ്ററിൽ എത്താനും വൈകി പോകാനും പ്രതികൾ ആവശ്യപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രണ്ട് ഇളയ സഹോദരന്മാരെയും തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.