മലപ്പുറം: പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന് കേരള ചാപ്റ്റര്‍. എംഎൽഎയുടെ പരാമർശം അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമാണ്. പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
‘എംഎല്‍എയുടെ പരസ്യമായ അഭിപ്രായ പ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്’, ഐപിഎസ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കേരളത്തിന്റെ പല മാപ്പുകൾ കാണിച്ച് ഏതുവേണമെങ്കിലും എടുത്തുകൊള്ളാനാണ് എംഎൽഎയുടെ മറുപടി സമൂഹ മാധ്യമത്തിലൂടെയായിരുന്നു എംഎൽഎയുടെ മറുപടി.
‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്?. എന്നും അന്‍വര്‍ ഫെയ്സ്ബുക്കില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു.