വാഷിംഗ്ടൺ: പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ്. അത് ബംഗ്ലാദേശിലെ ജനങ്ങളുടെ തീരുമാനമാണ്. ഈ സംഭവങ്ങളിൽ അമേരിക്കൻ ഗവൺമെൻ്റ് ഉൾപ്പെട്ടിട്ടുണ്ടെന്ന ഏതെങ്കിലും റിപ്പോർട്ടുകളോ, കിംവദന്തികളോ വന്നിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു.
ബംഗാൾ ഉൾക്കടലിലെ ബംഗ്ലദേശിലെ സെൻ്റ് മാർട്ടിൻ ദ്വീപിന്മേൽ നിയന്ത്രണം വേണമെന്നതിനാൽ തന്നെ പുറത്താക്കുന്നതിൽ യുഎസന് പങ്കുള്ളതായി ഹസീന ആരോപിച്ചതായി ഇന്ത്യയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തൻ്റെ അടുത്ത കൂട്ടുകാർ മുഖേനയാണ് ഹസീന ഇക്കാര്യം അറിയിച്ചതെന്ന് പത്രം പറയുന്നു. എന്നാൽ ഹസീനയുടെ മകൻ സജീബ് വാസെദ് ഈ പ്രസ്താവന നിഷേധിച്ചു.
“ബംഗ്ലാദേശ് ഗവൺമെൻ്റിൻ്റെ ഭാവി നിര്‍ണയിക്കേണ്ടത് ബംഗ്ലാദേശി ജനതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവിടെയാണ് ഞങ്ങൾ നിൽക്കുന്നത്,” വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ സമാധനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഒരു ഇടക്കാല സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് വിട്ട ഹസീന ഇന്ത്യയിൽ താല്കാലിക അഭയം തേടിയത്.