കൊല്ലം: വിരമിച്ച ബിഎസ്എൻഎൽ ജീവനക്കാരൻ പാപ്പച്ചനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനു പിന്നിൽ വൻ ആസൂത്രണം നടന്നതായി കണ്ടെത്തൽ. കൊലപാതകത്തിന് ദിവസങ്ങൾക്കു മുൻപുതന്നെ ഓലയിലെ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരും പ്രതികളായ സരിതയും അനിമോനും അടക്കമുള്ളവർ മികച്ച സ്കെച്ച് തയാറാക്കിയിരുന്നതായി കണ്ടെത്തൽ. കുടുംബാംഗങ്ങളോട് പാപ്പച്ചൻ പുലർത്തിയിരുന്ന അകലം മനസിലാക്കിയ പ്രതികൾ ഇത് അദ്ദേഹത്തോട് അടുക്കാനുള്ള അവസരമാക്കിയെടുത്താണ് തട്ടിപ്പുകളും കൊലപാതകശ്രമങ്ങളും നടത്തിയത്.
ലക്ഷങ്ങളുടെ ബാങ്ക് ബാലെൻസ് കൈയിലുണ്ടെങ്കിലും ലളിതജീവിതമായിരുന്നു പാപ്പച്ചന്റേത്. പലപ്പോഴും നിക്ഷേപങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ആശ്രാമം കൈരളി നഗറിലെ വീട്ടിൽനിന്ന് ഓലയിലെ ധനകാര്യസ്ഥാപനത്തിൽ പാപ്പച്ചനെത്തിയിരുന്നു. ഇത് സരിതയുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായിച്ചു. ഓരോ വരവിലും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ പണം സ്ഥാപനത്തിൽ നിക്ഷേപിക്കാൻ സരിത അദ്ദേഹത്തെ നിർബന്ധിക്കുകയായിരുന്നു. കൂടാതെ അദ്ദേഹത്തിൽനിന്ന് ചെക്കുകളും വാങ്ങി. ഈ ചെക്ക് ഉപയോഗിച്ച് ധനകാര്യസ്ഥാപനത്തിൽ ഇട്ടിരുന്ന 36 ലക്ഷം രൂപയിൽനിന്ന് ആറുലക്ഷം രൂപ സരിത വായ്പയായി എടുത്തു. പിന്നീട് അഞ്ചുലക്ഷവും പിൻവലിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിൽ ഉണ്ടായിരുന്ന 14 ലക്ഷം രൂപയും പിൻവലിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉണ്ടായിരുന്ന 26 ലക്ഷവും കൈക്കലാക്കി. ഇങ്ങനെ പാപ്പച്ചന്റെ അക്കൗണ്ടുകളിൽനിന്ന് ഏകദേശം 70 ലക്ഷത്തോളം രൂപ സരിത പിൻവലിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.
പണം നഷ്ടപ്പെട്ടതായുള്ള പാപ്പച്ചന്റെ പരാതിയെത്തുടർന്ന് സരിത ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ അധികൃതർ കണക്കുകൾ പരിശോധിച്ചതോടെ പിടി വീഴുകയായിരുന്നു. ഇതുപോലെ സമാനമായ രീതിയിൽ മറ്റ് ഏഴുപേരുടെ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. കൂടുതലും വയോധികരുടെ പണമാണു പിൻവലിക്കപ്പെട്ടിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഈ വിവരം സ്ഥാപന അധികൃതർ പുറത്തുവിട്ടിരുന്നില്ല. ചെറിയ തുകകളായിരുന്നതിനാൽ നിക്ഷേപകർക്കെല്ലാം ധനകാര്യസ്ഥാപനം പണം മടക്കിനൽകി. ഈ തുകകളെല്ലാം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സരിതയെ അറിയിക്കുകയും ചെയ്തു.
ഇതോടെ തട്ടിപ്പ് കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു. പാപ്പച്ചൻ സ്ഥിരമായി സൈക്കിളിൽ സഞ്ചരിക്കാറുണ്ടെന്നു മനസിലാക്കിയ പ്രതികൾ ഇയാളെ അപായപ്പെടുത്തുന്നതിനായി അവസരം കാത്തിരിക്കുകയായിരുന്നു. ശങ്കേഴ്സ് ആശുപത്രി പരിസരം, കടപ്പാക്കട ഭാഗം എന്നിവിടങ്ങളിലെല്ലാം സൈക്കിളിൽ കേസിലെ മറ്റൊരു പ്രതിയായ മാഹീന്റെ ഓട്ടോയിടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത് പരാജയപ്പെട്ടതോടെയാണ് അനിമോനുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്കെടുത്തത്. തുടർന്ന് സൈക്കിളിൽ വരികയായിരുന്ന കാർ വേഗത്തിലോടിച്ചുവന്ന് പാപ്പച്ചനെ ഇടിച്ചിടുകയായിരുന്നു. ഇടിയിൽ കാറിന്റെ ചില്ല് പൊട്ടിയെങ്കിലും പാപ്പച്ചനെ ഉപേക്ഷിച്ച് നിർത്താതെ ഓടിച്ചുപോയി. ഓട്ടോ ഡ്രൈവറും മറ്റൊരു പ്രതിയുമായ മാഹിനും ഈ സമയം അവിടെയെത്തിയെങ്കിലും പാപ്പച്ചനെ രക്ഷിക്കാൻ ശ്രമിച്ച ആളുകളെ ആംബുലൻസ് വരട്ടെയെന്നും പറഞ്ഞ് വിലക്കുകയായിരുന്നു. കുറേയധികം സമയം കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. ഇതിനിടെ പാപ്പച്ചന്റെ നില വഷളായി. ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചു.
പാപ്പച്ചന്റെ മരണത്തിനു പിന്നാലെ മകൾ റേയ്ച്ചൽ പാപ്പച്ചൻ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ധനകാര്യസ്ഥാപനത്തിലെ അക്കൗണ്ട് വിവരങ്ങളും സ്റ്റേഷൻ ഇൻസ്പെക്ടർക്ക് നൽകുകയും ചെയ്തിരുന്നു. ഇതും അന്വേഷണത്തിൽ പോലീസിന് ഏറെ നിർണായകമായി.