കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിൽ 11-ാം ദിവസവും തുടരുന്ന തിരച്ചിൽ പരിമിതപ്പെടുത്താൻ തീരുമാനം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സാധാരണ തിരച്ചിന് പുറമെ, ജനകീയ പങ്കാളിത്തത്തോടെയുള്ള പരിശോധന ഇന്ന് നടത്താനായിരുന്നു തീരുമാനം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനാൽ തിരച്ചിലിനെത്തുന്ന ആളുകളുടെ എണ്ണവും സമയവും പരിമിതപ്പെടുത്തി. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരച്ചിൽ 11 മണിയോടെ അവസാനിപ്പിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
തിരച്ചിലിനായി ബന്ധുക്കളും നാട്ടുകാരുമായ ഏകദേശം 190 പേരുടെ പട്ടിക ജില്ലാ ഭരണകൂടം മുൻപ് തയാറാക്കിയിരുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ ഉൾപ്പെടുത്തി ആറുമേഖലയാക്കി കൂടുതൽ വ്യാപകമായി തിരച്ചിൽ നടത്താനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ സർക്കാർ വൃത്തങ്ങളിൽ നിന്ന് അറിയിപ്പ് വന്നതോടുകൂടി ഇന്നലെ രാത്രി 12 മണിയോടെ തിരച്ചിൽ പരിമിതപ്പെടുത്താൻ തീരുമാനമായി.
ഓരോ ക്യാമ്പുകളിൽനിന്നും മൂന്ന് പേരെ വീതം തിരച്ചിലിനായി സർക്കാർ വാഹനങ്ങളിൽ ഉരുൾപൊട്ടൽ മേഖലകളിലേക്ക് എത്തിക്കും. കാണാതായവരുടെ അടുത്ത ബന്ധുക്കളെ ഒഴിവാക്കി ചെറുപ്പക്കാരായവരെ ഇവിടേക്ക് പ്രവേശിച്ച് തിരച്ചിൽ നടത്താനായിരുന്നു ജില്ലാ ഭരണകൂടം തീരുമാനമെടുത്തിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശന ഭാഗമായി പരിമിതപ്പെടുത്തിയ തിരച്ചിൽ ജനകീയ പങ്കാളിത്തത്തോടെ ഞായറാഴ്ച പുനരാരംഭിക്കാനാണ് തീരുമാനം.