പാരീസ്: പാരിസ് ഒളിംപിക്സിൽ, ഒളിംപിക് റെക്കോർഡോടെ ജാവലിൻ ത്രോയിൽ പാകിസ്ഥാന് സ്വർണം. ഇതോടെ 32 വർഷമായുള്ള ഒളിമ്പിക് മെഡൽ സ്വപ്നത്തിനാണ് നദീം അർഷദിലൂടെ ചിറക് വെച്ചത്. ഒളിംപിക് ചരിത്രത്തിൽ തന്നെ പാകിസ്താനിലേക്കെത്തുന്ന ആദ്യ വ്യക്തിഗത സ്വർണ മെഡലും ഇതുതന്നെ. 92.97 എന്ന ഒളിംപിക് റെക്കോഡും കരിയർ ബെസ്റ്റും സ്വന്തമാക്കിയാണ് നദീമിന്റെ കുതിപ്പിന് തുടക്കമിട്ടത്.
ടോക്യോ ഒളിംപിക്സ് ചാംപ്യനും സ്വർണം നേടുമെന്ന് ഏറെ പ്രതീക്ഷ വയ്ക്കുകയും ചെയ്ത ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്നാണ് അർഷദ് നദീമിന്റെ മുന്നേറ്റം. ഫൈനലിൽ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളിൽ എറിഞ്ഞത്. ആദ്യ ശ്രമം ഫൗൾ ആയെങ്കിലും പിന്നീടുള്ള ശ്രമങ്ങളിൽ നദീം ലക്ഷ്യ സ്ഥാനം കാണുകയായിരുന്നു. ജാവലിൻ ചരിത്രത്തിലെ ആറാമത്തെ മികച്ച ദൂരമാണിത്. തന്റെ രണ്ടാം ശ്രമത്തിൽ നദീം ഉയർത്തിയ റെക്കോഡ് നേട്ടം മറികടക്കുക എന്നത് നീരജിന് ഉൾപ്പെടെ എല്ലാ മത്സരികൾക്കും കനത്ത വെല്ലുവിളിയായി. നീരജ് എറിഞ്ഞ ഒന്നല്ലാത്തതെല്ലാം ഫൗളായി. അതാകട്ടെ 89.45 ദൂരം പിന്നിട്ട് വെള്ളി മെഡൽ നേട്ടത്തിലേക്ക് നയിച്ചു.
88.54 മീറ്റർ ജാവലിൻ പായിച്ച ഗ്രെനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് വെങ്കലം. നദീമും നീരജും മുൻപ് പത്തുതവണ നേർക്കുനേർ വന്നപ്പോഴും നീരജായിരുന്നു മുന്നിൽ. ടോക്യോയിലും നദീം മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. നാലാംസ്ഥാനത്തെത്താനെ അന്നു സാധിച്ചുരുന്നുള്ളു. ടോക്യോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് അതിലും ബഹുദൂരം മുന്നിലെത്താൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു.