ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാഷ്ട്രീയ നിലനിൽപ് പരുങ്ങലിൽ. ട്രൂഡോയുടെ രാജിക്കായി മുറവിളിയുമായി ലിബറൽ പാർട്ടിയിലെ വിമത എംപിമാർ രംഗത്തെത്തി. ഈ മാസം 28 നകം രാജിവച്ച് സ്ഥാനമൊഴിയണമെന്നാണ് വിമത എംപിമാരുടെ ആവശ്യം. വരും കാര്യങ്ങളെക്കുറിച്ചാലോചിക്കാൻ ലിബറൽ എം.പിമാർ പാർലമെന്റ് ഹില്ലിൽ യോഗം ചേർന്നതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ തന്റെ രാജിക്കായുള്ള കോലാഹലങ്ങളെ പുഞ്ചിരികൊണ്ട് നേരിട്ട ട്രൂഡോ ‘പാർട്ടി ഒറ്റക്കെട്ടാണ്’ എന്നുമാത്രം പ്രതികരിച്ചു. ലിബറൽ പാർട്ടി എംപിമാർ യോഗം ചേർന്നതും ട്രൂഡോ സമീപകാലങ്ങളിൽ എടുത്തുവരുന്ന സ്വന്തം നിലപാടുകളിൽ തങ്ങളുടെ വിയോജിപ്പ് ശക്തമായി അറിയിച്ചതും വലിയ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
വിമതർ മാത്രമല്ല സ്വന്തം പാളയത്തിൽനിന്നുതന്നെ വലിയ സമ്മർദ്ദം നേരിടുകയാണ് ട്രൂഡോ. ലിബറൽ പാർട്ടിയിലെ വിമത എംപിമാർ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത് ട്രൂഡോയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ട്രൂഡോയെ തൽ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് 24 എംപിമാർ ഒപ്പുവച്ച നിവേദനം തയ്യാറാക്കിയിട്ടുണ്ടെന്ന് റേഡിയോ കാനഡ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭവിച്ച മാറ്റത്തിനു സമാനമായ അനുകൂല സാഹചര്യം അവസ്ഥ ട്രൂഡോയുടെ രാജിക്കുശേഷം ലിബറൽ പാർട്ടിക്കും ഉണ്ടാവുമെന്നും എംപിമാർ ചർച്ചകളിൽ വിലയിരുത്തി. അതേസമയം ട്രൂഡോയുടെ മന്ത്രിമാർ അദ്ദേഹത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ട്രൂഡോയുള്ളത്.
ഇതിനിടെ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ പ്രസ്താവനകൾ കനേഡിയൻ പാർലമെന്റിൽ വച്ച് നടത്തിയപ്പോൾതന്നെ ട്രൂഡോ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് പാർട്ടിയിൽ വിയോജിപ്പുകൾ ഉണ്ടാവുകയും ട്രൂഡോയ്ക്കെതിരെ നിശിത വിമർശനം ഉയരുകയും ചെയ്തിരുന്നു. ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരുരാജ്യവും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഒടുവിൽ കൃത്യമായ തെളിവില്ലായിരുന്നുവെന്നും ഇന്റിലിജൻസ് വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും ട്രൂഡോ നിലപാട് തിരുത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അകൽച്ച വരുത്തിയത് ട്രൂഡോയുടെ നിലപാടുകൾ കാരണമാണെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.