കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തിഹത്യ തന്നെയാണെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദം. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം നിൽക്കുമെന്നും 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാറിന്റെ വാദം.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ വന്നു കയറിയത് യാദൃശ്ചികമല്ല. മാത്രമല്ല പ്രസംഗം റെക്കോഡ് ചെയ്തതും ആസൂത്രിതമായാണ്. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദിവ്യ മാധ്യമ പ്രവർത്തകനെ വിളിച്ചുവരുത്തി യാത്രയയപ്പ് യോഗം റിപ്പോർട്ട് ചെയ്യണമെന്ന് പറയുകയായിരുന്നു. പ്രസ്തുത വിഷ്വൽ ദിവ്യ ചോദിക്കുകയും ചെയ്തു. പ്രസംഗത്തിൽ ഭീഷണിസ്വരമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പ് സംബന്ധിച്ച കാര്യങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്ന് ദിവ്യ പറഞ്ഞത് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഇതിനിടെ പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടർ അരുൺ കെ വിജയൻ മൊഴി നൽകി. കലക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ പരാതി പറഞ്ഞിരുന്നു. എന്നാൽ, അഴിമതി ആരോപണം യാത്രയയപ്പിൽ ഉന്നയിക്കരുതെന്ന് കലക്ടർ ദിവ്യയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മരിച്ച നവീൻ ബാബുവിനും മക്കളുണ്ട്. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ മുമ്പിൽ അറിയിക്കാമായിരുന്നുവെന്നും നവീൻ ബാബുവിനെതിരായ അധ്യാപകൻ ഗംഗാധരൻ്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കൂടാതെ ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിവ്യയെ കസ്റ്റഡിയിൽ എടുക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.