കൊച്ചി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതിയിൽ നൽകും. നേരത്തെ, ദിവ്യയ്ക്കെതിരേ നവീൻ ബാബുവിൻറെ സഹോദരൻ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കുകയും ചെയ്തു.
കേസിൽ ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നവീനതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻറെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
ദിവ്യയെ പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് കണ്ണൂർ ടൗൺ പോലീസ് കോടതിയിൽ നൽകിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരേ പോലീസ് കണ്ണൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അതേ സമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനു പിന്നാലെ നവീൻ ബാബുവിൻറെ വേർപാടിൽ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും ദിവ്യ വ്യാഴാഴ്ച വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി കെകെ രത്നകുമാരിയെ നിയമിക്കാൻ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
മാത്രമല്ല ദിവ്യയ്ക്കെതിരെ മൃതു സമീപനമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായത്. അഴിമതിക്കെതിരായ സദുദ്ദേശത്തോടെയുള്ള വിമർശനമാണ് ദിവ്യ നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണു പാർട്ടിയുടേത്.
അതുപോലെ തന്നെ പ്രശാന്തൻ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നൽകിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലും വിജിലൻസ് കോഴിക്കോട് യൂണിറ്റിൻറെ അന്വേഷണവും ഇന്ന് തുടങ്ങും. ഇതിനിടെ, ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ട് പുറത്ത് വന്നു. പെട്രോൾ പമ്പിന് എൻഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി ഒൻപതാം ദിവസം എൻഒസി നൽകിയെന്നാണ് റിപ്പോർട്ട് പറയുന്നത്.