കണ്ണൂര്‍: അഴിമതി ആരോപണത്തിൽ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിന് യാഥൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നു കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്കാന് കലക്ടര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം തയാറാക്കിയ റിപ്പോർട്ടിലാണ് കൃത്യമായ ചട്ടപ്രകാരമാണ് എഡിഎം എൻഒസി നൽകിയതെന്ന് പറയുന്നത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച സര്‍ക്കാരിന് കൈമാറും.
പെട്രോള്‍ പമ്പിന്റെ എന്‍ഒസി ഫയല്‍ നവീന്‍ ബാബുവിന്റെ കൈവശമുണ്ടായിരുന്നത് ആറു ദിവസം മാത്രമാണ്. പമ്പിന് അനുമതി നല്‍കരുതെന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഉള്ള ഫയലാണ് നവീന്‍ ലഭിച്ചത്. വളവില്‍ പമ്പ് അനുവദിക്കരുതെന്ന പിഡബ്ല്യുഡി റിപ്പോര്‍ട്ടും വളവില്‍ അപകടസാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുമായിരുന്നു ഫയലില്‍ ഉണ്ടായിരുന്നത്. ഇവ പരിശോധിച്ച ശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയതെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ രണ്ട് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് പമ്പിന് എന്‍ഒസി നല്കുന്നതില് കാലതാമസം ഉണ്ടായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ ദിവ്യയുടെ ആരോപണങ്ങളുടെ മുനയൊടിയുകയാണ് ചെയ്യുന്നത്. അതേ സമയം ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യ രാജി വയ്ക്കുകയും ചെയ്തു.