മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ നയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് മഞ്ചേരിയിൽ. യോഗത്തിൽ പുതിയ പാർട്ടി പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ് സൂചന. ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള (ഡിഎംകെ) എന്നു പേരിട്ടിരിക്കുന്ന അൻവറിന്റെ പാർട്ടി സ്റ്റാലിന്റെ ഡിഎംകെയുടെ കേരള ഘടകമായി പ്രവർത്തിക്കുമെന്നാണ് അറിയുന്നത്.
മഞ്ചേരിയിൽ വച്ച് നടത്താൻ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കുമെന്ന് അൻവർ അറിയിച്ചു. നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണം. എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം. ജനങ്ങൾക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമങ്ങളും. അത്തരം ഒരു രാഷ്ട്രീയമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎ ഇന്നലെ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ടവരെ, നാളെ മഞ്ചേരിയിൽ വച്ച് നടത്താൻ തീരുമാനിച്ച നയവിശദീകരണ യോഗം തീരുമാനിച്ച പ്രകാരം തന്നെ നടക്കും. മറിച്ചുള്ള പ്രചരണങ്ങൾ വസ്തുതാ വിരുദ്ധമാണ്. നിലവിലെ രാഷ്ട്രീയസംവിധാനങ്ങളിൽ കാതലായ മാറ്റം വരണം.എല്ലാ രംഗത്തും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകണം.ജനങ്ങൾക്ക് വേണ്ടിയുള്ളതാവണം ഭരണവും നിയമംങ്ങളും. അത്തരം ഒരു രാഷ്ട്രീയമാണ് നമ്മൾ ലക്ഷ്യം വയ്ക്കുന്നത്. നിങ്ങളുടെ ഏവരുടെയും സാന്നിധ്യവും സഹകരണവും നാളെ മഞ്ചേരിയിൽ നടക്കുന്ന പരിപാടിയിൽ ഉണ്ടാവണം.
ഏവരെയും സാദരം ക്ഷണിക്കുന്നു. കൂടെയുണ്ടാവണം.