തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ ഇന്ന് മഞ്ചേരിയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചാൽ പിന്നെ നിലമ്പൂരിനെ കാത്തിരിക്കുന്നത് ഉപതെരഞ്ഞെടുപ്പ്. കാരണം പുതിയ പാർട്ടി പ്രഖ്യാപനത്തോടെ സ്വതന്ത്രനായി മത്സരിച്ച പിവി അൻവർ എംഎൽഎ അയോഗ്യനാവും. സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഒരാൾ തുടർന്നുള്ള 5 വർഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം.
മാത്രമല്ല, മറ്റൊരു പാർട്ടിയിൽ ചേരുകയോ, പുതിയ പാർട്ടി രൂപീകരിച്ച് അതിൽ അംഗത്വമെടുക്കുകയോ ചെയ്താൽ ആ വ്യക്തിയെ അയോഗ്യനാക്കാമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. പുതിയ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ആദ്യപടിയായി സ്പീക്കറുടെ നോട്ടിസ് അൻവറിനെ തേടിയെത്തും.
ഇതു മുന്നിൽ കണ്ട് പുതിയ പാർട്ടി രൂപീകരണത്തിന് നിയമ തടസമുണ്ടെങ്കിൽ രാജി വയ്ക്കാൻ തയാറാണെന്ന് കഴിഞ്ഞ ദിവസം പിവി അർവർ അറിയിച്ചിരുന്നു. അതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്ന സൂചന പാർട്ടി കേന്ദ്രങ്ങൾക്കുമുണ്ട്. അങ്ങനെ അൻവർ രാജിവച്ചാൽ ചേലക്കര, പാലക്കാട്, വയനാട് എന്നിവയ്ക്കൊപ്പം നിലമ്പൂരും ഉപതിരഞ്ഞെടുപ്പ് നടക്കും. നിലവിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചനകളുണ്ട്.
ഇനി ഉപതിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കാതിരിക്കാൻ പുതിയ പാർട്ടി രൂപീകരിച്ചാലും അതിൽ അംഗത്വം എടുക്കാതിരിക്കുക എന്നൊരു മാർഗവും അൻവറിനുണ്ട്. പക്ഷെ അതിനും സ്പീക്കറിന്റെ അന്തിമ തീരുമാനമെത്തിയാൽ മാത്രമേ ഫലത്തിൽ വരു.