കാൻപുർ: ഓരോ ദിവസവും ചെറുപ്പമാകാൻ വഴികൾ തേടാത്ത ആൾക്കാരുണ്ടോ? അതിനായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തി ദമ്പതികൾ തട്ടിയെടുത്തത് ഒന്നും രണ്ടും രൂപയല്ല 35 കോടി രൂപ. സംഭവം നടന്നത് കേരളത്തിലല്ല, അങ്ങ് യുപിയിലാണ്. ചെറുപ്പമാകാൻ സഹായിക്കുന്ന ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെന്നുകാണിച്ച് ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർക്കെതിരെയാണു പോലീസ് കേസെടുത്തിരിക്കുന്നത്. തെറപ്പി സെന്ററിന്റെ മറവിലായിരുന്നു ഇരുവരുടെയും തട്ടിപ്പ്. ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു തുടങ്ങിയ തെറപ്പി സെന്ററിൽ ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ തെറപ്പി സെന്ററിലുണ്ടെന്നും 60 വയസുള്ളയാളെ 25കാരനാക്കാൻ ഈ മെഷീൻ കൊണ്ടു സാധിക്കുമെന്നും എല്ലാവരോടും പറഞ്ഞു. കേട്ടവർ കേട്ടവർ തെറാപ്പി സെന്ററിലേക്ക് ഓടിയെത്തി. ഈ മെഷീനിലൂടെയുള്ള ഓക്സിജൻ തെറപ്പി വഴിയാണ് ആളുകളെ ചെറുപ്പമാക്കുന്നതെന്നാണ് ദമ്പതികൾ പറഞ്ഞത്.
കൂടാതെ ചുറ്റുപാടുമുള്ള വായു മലിനീകരണം മൂലമാണ് ആളുകൾ പ്രായമാകുന്നതെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനത്തിലേക്കു മടക്കിക്കൊണ്ടു വരാമെന്നും ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. അതുപോലെ 90,000 രൂപയ്ക്കു 3 വർഷത്തേക്കുള്ള പ്രത്യേക പാക്കേജും വാഗ്ദാനം ചെയ്തു. ഇത്തരത്തിൽ തന്റെയടുത്തുനിന്ന് 10.75 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാണിച്ച്പരാതിക്കാരിലൊരാളായ രേണു സിങ് രംഗത്തുവന്നതോടെയാണ് തട്ടിപ്പിന്റെ കഥകൾ പുറം ലോകം അറിഞ്ഞത്. ഇതോടെ അബദ്ധം പറ്റിയ പലരും രംഗത്തെത്തി.
ഇതുപോലെ നൂറുകണക്കിനു ആളുകളിൽ നിന്നായി 35 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്തെന്നറിഞ്ഞതോടെ ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഇവർക്കെതിരായ തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.