റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ – ദന്തേവാഡ അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ഛത്തീസ്ഗഢിൻ്റെ 24 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇത്.
വെള്ളിയാഴ്ച ദന്തേവാഡ ജില്ലയിലെ അബുജ്മദിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റു മുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.
പോലീസ് പറയുന്നതനുസരിച്ച്, ദന്തേവാഡയിൽ നിന്നും നാരായൺപൂരിൽ നിന്നുമുള്ള ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡുകൾ (ഡിആർജി) പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക ഇൻ്റലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പോലീസ് ക്യാമ്പുകളിൽ നിന്ന് ഓപ്പറേഷൻ ആരംഭിച്ചു. കീഴടങ്ങിയ മാവോയിസ്റ്റുകൾ ഉൾപ്പെടുന്ന പ്രത്യേക സേനയാണ് ഡിആർജി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.
ഗോവെൽ, നെൻഡൂർ, തുളുലി എന്നീ മൂന്ന് ഗ്രാമങ്ങൾക്ക് ചുറ്റുമുള്ള വനമേഖലയിൽ ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മാവോയിസ്റ്റ് സംഘം ഉപയോഗിച്ചിരുന്ന ആയുധശേഖരവും കണ്ടെത്തി. എകെ -47 റൈഫിളുകളും സെൽഫ് ലോഡിങ് റൈഫിളും ഇതിൽ ഉൾപ്പെടും. പ്രദേശത്ത് പരിശോധന തുടരുകയാണ്.
ഇതോടെ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 187 ആയി. ആകെ 15 സുരക്ഷാ ഉദ്യോഗസ്ഥരും 47 സാധാരണക്കാരും കൊല്ലപ്പെട്ടു. ഏപ്രിലിൽ ബസ്തർ ഡിവിഷനിലെ കാങ്കർ ജില്ലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.