കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിലായിരുന്ന നടൻ സിദ്ദിഖ് ഇടക്കാല ജാമ്യത്തിനു ശേഷം ആദ്യമായി പൊതുമധ്യത്തിൽ. കൊച്ചിയിലെ വക്കീൽ ഓഫീസിലെത്തിയ സിദ്ദിഖ് ഒന്നും പ്രതികരിക്കാൻ തയാറായില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെറിയൊരു ചിരിമാത്രം നൽകിയതിനു ശേഷം പോവുകയാണുണ്ടായത്.
സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തതോടെയാണ് അഭിഭാഷകനായ ബി. രാമൻപിള്ളയുടെ എറണാകുളം നോർത്തിലെ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരം സിദ്ദിഖ് മകൻ ഷഹീനൊപ്പമാണെത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്.
2016-ൽ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന അതിജീവിതയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.