തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അയച്ച കത്തിലാണ് വിശദീകരണം. മുഖ്യമന്ത്രി പറയാത്ത കാര്യം വളച്ചൊടിച്ച് അഭിമുഖത്തിൽ നൽകിയെന്നാണ് കത്തിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ അഭിമുഖം വ്യാപക പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ‘ഒരു ദേശമോ പ്രദേശമോ അഭിമുഖത്തിൽ ദേശവിരുദ്ധമെന്ന രീതിയിൽ പരാമർശച്ചിട്ടില്ല’. പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യഖ്യാനിച്ചതാണെന്നും പത്രത്തിന്റ എഡിറ്റർക്കയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഡൽഹി സന്ദർശനത്തിനിടെയാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയത്.
‘അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിമുഖമായി പത്രത്തിൽ പ്രസിദ്ധീകരിച്ചത്.
എന്നാൽ അഭിമുഖത്തിൽ പറയുന്നതു പോലെയുള്ള നിലപാട് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ ഇല്ലെന്നും കത്തിൽ പറയുന്നു. ആർഎസ്എസിനെതിരെയും ഹിന്ദുത്വ ശക്തികൾക്കെതിരെയും നിലപാടുകൾ സ്വീകരിച്ചിട്ടുള്ളവരാണ് സിപിഎമ്മെന്നും കത്തിൽ പറയുന്നു.